KOOTT
Description
ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിൻ്റെ അഭാവത്തിൽ നിങ്ങൾ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കയ്യനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാൾ പണിയുന്നത്. സുഹൃത്തേ, ദൈവം നിനക്ക് നൂറുവർഷം ആയുസ്സു നൽകുന്നുവെങ്കിൽ ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുന്നു. എനിക്കതിനേക്കാൾ കുറച്ചൊരു ദിനം മതി. കാരണം, നീയില്ലാത്ത ഭൂമിയിൽ എനിക്കൊരു നിമിഷാർദ്ധം പോലും ജീവിക്കേണ്ട. ഈ ഭൂമി ഇത്രമേൽ മനോഹരിയായിരിക്കുന്നത് നീയതിനു മീതെ വസിക്കുന്നതുകൊണ്ടുമാത്രം. നിനയ്ക്കാതെ പെയ്‌ത മഴയിൽ ഒരുമാത്ര കേറി നില്ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഋതുഭേദങ്ങളുടെ നൈരന്തര്യങ്ങളിൽ വിണ്ടുകീറിയ പാദങ്ങളും വിഴുപ്പ് വസ്ത്രങ്ങളുമായി നിങ്ങളെ അനുഗമിക്കുന്ന പൊടിപുരണ്ട ഒരാത്മാവ്. യാത്രയുടെ ഒടുവിൽ നിങ്ങളേക്കാൾ പരിക്ഷീണിതനായി... അയാളോളം ആരും നിന്ദിക്കപ്പെട്ടിട്ടില്ല. ആത്മനിന്ദയുടെ ചില കാണാക്കയങ്ങളിൽപ്പെട്ടുപോകുമ്പോൾ സങ്കടത്തെ നിർമമതയുടെ ദുപ്പട്ടകൊണ്ട് മറച്ച് വേണമെങ്കിൽ യേശുവിനെക്കണക്ക് നിങ്ങൾക്കും അത് ചോദിക്കാം: നിനക്കും എന്നെ വിട്ടുപോകണമോ? അപ്പോൾ അയാൾ ആ വലിയ മുക്കുവനെപ്പോലെ വിവേകിയാവുന്നു. നിന്നെ വിട്ട് ഞാൻ എങ്ങോട്ടു പോകാൻ?